بلوغ المرام
ബുലൂഗുൽ മറാം
أبو الفضل أحمد بن علي بن محمد بن أحمد بن حجر العسقلاني (ت ٨٥٢ هـ)
ഹാഫിദ് ഇബ്നു ഹജര് അല്അസ്ക്വലാനി (رحمه الله)
ഹദീസ് ഗ്രന്ഥങ്ങൾ രചിച്ചവരുടെ കൂട്ടത്തിൽ ഇമാം ബുഖാരിക്കുള്ള സ്ഥാനമാണ് ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങൾ രചിച്ചവരുടെ കൂട്ടത്തിൽ ഹാഫിസ് ഇബ്നുഹജറിന്നുള്ളത്. സഹീഹുൽ ബുഖാരിക്ക് അനേകം പേർ വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ടെങ്കിലും ഹാഫിസിന്റെ ഫത്ഹുൽബാരിക്കുള്ള സ്ഥാനം അവക്കൊന്നും മുസ്ലിംലോകം കൽപിച്ചിട്ടില്ല. ഹദീസ് വിജ്ഞാനീയങ്ങളുടെ എൻസൈക്ലോപീഡിയ എന്ന് വിളിക്കാൻ സർവ്വഥാ യോഗ്യമായ ആ മഹൽ ഗ്രന്ഥത്തിന് തുല്യമായി മറ്റൊരു ഗ്രന്ഥം മുസ്ലിംലോകത്തിന് നാളിത് വരെ ലഭിച്ചിട്ടില്ല.
ആ യുഗപ്രഭാവനായ മഹാപണ്ഡിതന്റെ പ്രതിഭ ഹദീസ് വിജ്ഞാനീയങ്ങളിലോ, ഏതാനും ഗ്രന്ഥങ്ങളുടെ രചനയിലോ ഒതുങ്ങിനിന്നില്ല. തഫ്സീർ, ഹദീസ്, ഫിഖ്ഹ് തുടങ്ങി എല്ലാ മത വിജ്ഞാനീയങ്ങളിലും അദ്ദേഹം കൈവെക്കുകയും, അവയിലെല്ലാം അനന്യസാധാരണമായ പ്രാഗൽഭ്യം നേടുകയും ചെയ്തു.
ഇസാബഃ, തഹ്ദീബുത്തഹ്ദീബ്, നുഖ്ബത്തുൽഫിക്ർ, ബുലൂഗുൽമറാം തുടങ്ങി നൂറ്റമ്പതോളം ഗ്രന്ഥങ്ങൾ വിവിധ വിഷയങ്ങളിലായി അദ്ദേഹം വിരചിച്ചിട്ടുണ്ടെന്നറിയുമ്പോൾ ദീനി വിജ്ഞാനീയങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകളെപ്പറ്റി ഊഹിക്കാമല്ലോ.
ഹിജ്റ 773ൽ ഈജിപ്തിൽ ജനിച്ച ഇബ്നുഹജർ മക്കയിൽവെച്ചാണ് ഹദീസ് വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയത്. തുടർന്ന് ഇസ്ലാമിക രാഷ്ട്രത്തിന്റെ വിവിധ കോണുകളിൽ സഞ്ചരിച്ച് ഓരോ വിഷയത്തിലും ഉന്നത ജ്ഞാനം നേടിയ ആചാര്യന്മാരിൽനിന്ന് അദ്ദേഹം വിദ്യയഭ്യസിച്ചു. ഭുവന പ്രശസ്തിനേടിയ ഭാഷാപണ്ഡിതനായ ഫൈറൂസാബാദി, പ്രസിദ്ധ കർമ്മശാസ്ത്രപണ്ഡിതനായ ബൽഖീനി തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരിൽപെടുന്നു.
ഇരുപത്തൊന്നു വർഷത്തോളം ഈജിപ്തിലെ ജസ്റ്റിസ് പദമലങ്കരിച്ച ഹാഫിസ് അതോടൊപ്പം ജാമിഉൽ അസ്ഹറിലും, ജാമിഉഅംറിലും ഖത്തീബായും സേവനമനുഷ്ഠിക്കുകയുണ്ടായി.
ഹിജ്റ 817 ലാണ് അദ്ദേഹം ഫത്ഹുൽബാരി രചിക്കുവാൻ ആരംഭിച്ചത്. നീണ്ട ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നു ആ ബൃഹദ് ഗ്രന്ഥത്തിന്റെ പണി മുഴുമിക്കാൻ. തന്റെ ജീവിതാഭിലാഷം സഫലമായ ആ ദിനം അദ്ദേഹം ഉചിതമായിത്തന്നെ ആഘോഷിക്കുകയുണ്ടായി. ഈജിപ്തിലെ മുസ്ലിം പ്രമുഖരെയെല്ലാം ക്ഷണിച്ചുവരുത്തി ഗംഭീരമായ ഒരു സദ്യ അദ്ദേഹം നടത്തി. പ്രസ്തുത ഗ്രന്ഥത്തെയും അതിന്റെ കർത്താവിനെയും മുക്തകണ്ഠം പുകഴ്ത്താത്തവരായി ഹദീസ് പണ്ഡിതന്മാരാരും അക്കാലത്തുണ്ടായിരുന്നില്ല. പിൽക്കാലത്ത് ഉണ്ടായിട്ടുമില്ല.
بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ
الحَمْدُ للهِ عَلَى نِعَمِهِ الظَاهِرَةِ وَالبَاطِنَةِ، قَدِيْمَاً وَحَدِيْثَاً، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّهِ وَرَسُولِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ الَّذِينَ سَارُوا فِي نُصْرَةِ دِيْنِهِ سَيْرَاً حَثِيْثَاً، وَعَلَى أَتْبَاعِهِم الَّذِيْنَ وَرِثُوا عِلْمَهُمْ، وَالعُلَمَاءُ وَرَثَةُ الأَنْبِيْاءِ أَكْرِمْ بِهِمْ وَارِثَاً وَمَوْرُوثَاً.
أَمَّا بَعْدُ:
فَهَذَا مُخْتَصَرٌ يَشْتَمِلُ عَلَى أُصُولِ الأَدِلَّةِ الحَدِيْثِيِّةِ لِلْأَحْكَامِ الشَّرْعِيَّةِ، حَرَّرْتُهُ تَحْرِيْرِاً بَالِغَاً لِيَصِيْرَ مَنْ يَحْفَظُهُ بَيْنِ أَقْرَانِهِ نَابِغَاً، وَيَسْتَعِيْنَ بِهِ الطَّالِبُ المبْتَدِي، وَلَا يَسْتَغْنِي عَنْهُ الرَّاغِبُ المنْتَهِي.
وَقَدْ بَيَّنْتُ عَقِبَ كُلِّ حَدِيْثٍ مَنْ أَخْرَجَهُ مِنَ الأَئِمَةِ لِإِرَادَةِ نُصْحِ الأُمَّةِ.
فَالمرَادُ بِالسَّبْعَةِ: أَحْمَدُ وَالبُخَارِيُّ وَمُسْلِمٌ وَأَبُو دَاوُدَ وَالنَّسَائِيُّ وَالتِّرْمِذِيُّ وَابْنُ مَاجَهْ، وَبِالسِّتَّةِ مَنْ عَدَا أَحْمَدَ، وَبِالخَمْسَةِ مَنْ عَدَا البُخَارِيَّ وَمُسْلِمَاً، وَبِالأَرْبَعَةِ مَنْ عَدَا الثَّلَاثَةَ الأُوَلَ، وَبِالثَّلَاثَةِ مَنْ عَدَاهُمْ وَالأَخِيْرَ، وبالمتَّفَقِ: البُخَارِيُّ وَمُسْلِمٌ، وَقَدْ لَا أَذْكُرُ مَعَهُمَا غَيْرَهُمَا، وَمَا عَدَا ذَلكَ فَهْوَ مُبَيَّنٌ.
وَسَمَّيْتُهُ «بُلُوغُ الْمَرَامِ مِنْ أَدِلَّةِ الْأَحْكَامِ» وَاللهَ أَسْأَلُ أَنْ لَا يَجْعَلَ مَا عَلِمْنَا عَلَيْنَا وَبَالَاً، وَأَنْ يَرْزُقَنَا العَمَلَ بِمَا يُرْضِيْهِ سُبْحَانَهُ وَتَعَالَى.
പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിന് സ്തുതി. പ്രവാചകനും ദൈവദൂതനുമായ മുഹമ്മദ്നബി(സ), ദീനിന്റെ സഹായത്തിനായി ദ്രുതഗതിയിൽ നീങ്ങിയ അവിടുത്തെ കുടുംബാംഗങ്ങൾ, സഹചാരികൾ, അവരുടെ വിജ്ഞാനത്തിന് അവകാശികളായി ഭവിച്ച പിൻഗാമികൾ - പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളത്രെ - തുടങ്ങിയുള്ള ഉത്തമന്മാരായ പൂർവ്വികരിലും ഉൽകൃഷ്ടരായ അവരുടെ അനന്തരഗാമികളിലും അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
ശരീഅത്ത് നിയമങ്ങൾക്ക് ആധാരമായ നബിചര്യകൾ ഉൾക്കൊള്ളുന്ന ഒരു ലഘു ഗ്രന്ഥമത്രെ ഇത്. ദീനിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിക്കും സമഗ്രജ്ഞാനം ആവശ്യമുള്ള ഗവേഷകനും ഒരുപോലെ സഹായകമായിത്തീരുക, ഈ ഗ്രന്ഥം സൂക്ഷ്മമായി പഠിക്കുന്നവൻ സമശീർഷർക്കിടയിൽ ഹദീസ് വിജ്ഞാനത്തിൽ പ്രവീണനായിത്തീരുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തി അതീവ സൂക്ഷ്മതയോടെയാണ് ഞാനിത് ക്രോഡീകരിക്കുകയും സംഗ്രഹിക്കുകയും ചെയ്തിട്ടുള്ളത്.
ഓരോ ഹദീസിനും പുറകിൽ അത് ഉദ്ധരിച്ച റിപ്പോർട്ടറുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഹദീസ് ഏഴുപേർ റിപ്പോർട്ട് ചെയ്തു എന്നു പറയുമ്പോൾ അഹ്മദുബ്നു ഹമ്പൽ, ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുർമുദി, നസാഈ, ഇബ്നുമാജ:(റ) എന്നിവരെ ആയിരിക്കും ഞാൻ ഉദ്ദേശിക്കുന്നത്. ആറുപേർ എന്നു പറയുമ്പോൾ അഹ്മദ് (റ) ഒഴിച്ച് ബാക്കിയുള്ളവരും അഞ്ചാകുമ്പോൾ ബുഖാരിയും, മുസ്ലിമും (റ) ഒഴിച്ചുള്ളവരും ആയിരിക്കും ഉദ്ദേശ്യം. ചിലപ്പോൾ നാലുപേരും അഹ്മദും ഉദ്ധരിച്ചുവെന്ന് ഞാൻ പറയും. അപ്പോൾ നാലുപേർ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അഹ്മദ്, ബുഖാരി, മുസ്ലിം എന്നിവർ ഒഴിച്ച് മറ്റുള്ളവരായിരിക്കും. മൂന്നുപേർ എന്നു പറയുന്നിടത്ത് മുമ്പ് പറഞ്ഞ മൂന്നുപേരും നസാഈയും ഒഴിച്ച് മറ്റുള്ളവരായിരിക്കും ഉദ്ദേശ്യം.
"മുത്തഫഖ് അലൈഹി" എന്നതുകൊണ്ട് ബുഖാരിയും, മുസ്ലിമും ഉദ്ധരിച്ച ഹദീസാണ് സൂചന. അവർ ഇരുവരും ഉദ്ധരിച്ച ഹദീസ് മറ്റുള്ളവർകൂടി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും ചിലപ്പോൾ അവരുടെ പേർ ഞാൻ പ്രത്യേകം പറയാറില്ല. ഉപരിസൂചിതമായ വിധത്തിലല്ലാതെ ഉദ്ധരിക്കപ്പെട്ട ഹദീസുകൾ സംബന്ധിച്ച വിവരങ്ങൾ അതത് സ്ഥലങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് ബുലൂഗുൽമറാം മിൻ അദില്ലത്തിൽ അഹ്കാം' (മതവിധികളുടെ പ്രമാണങ്ങളിൽ ലക്ഷ്യപ്രാപ്തി) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
നാം നേടിയ വിജ്ഞാനം നമുക്കുതന്നെ ദോഷകരമാക്കിത്തീർക്കാതിരിക്കാനും തനിക്ക് തൃപ്തികരമായ കർമ്മമാർഗ്ഗം നമുക്ക് നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
ഹാഫിസ് ഇബ്നുഹജർ അസ്ഖലാനി