മുഹമ്മദ് ഇബ്നു സീരീൻ ﵀ അബൂ ഹുറൈറ ﵁ വിൽ നിന്ന് നിവേദനം ചെയ്യുന്നു, അബൂ ഹുറൈറ ﵁ പറഞ്ഞു:
«അല്ലാഹുവിൻ്റെ റസൂൽ ﷺ ഞങ്ങളെയും കൊണ്ട് ഉച്ചതിരിഞ്ഞുള്ള രണ്ട് നിസ്കാരങ്ങളിൽ ഒന്ന് (ളുഹ്ർ അല്ലെങ്കിൽ അസ്വർ) നിസ്കരിച്ചു - (ഇബ്നു സീരീൻ പറഞ്ഞു: അബൂ ഹുറൈറ ﵁ അതിൻ്റെ (ആ നമസ്കാരത്തിൻ്റെ) പേര് പറഞ്ഞിരുന്നു, പക്ഷെ ഞാൻ അത് മറന്നുപോയി) - നബി ﷺ) ഞങ്ങളെയും കൊണ്ട് രണ്ട് റക്അത്ത് നിസ്കരിച്ചു, എന്നിട്ട് സലാം വീട്ടി. എന്നിട്ട് നബി ﷺ പള്ളിയിൽ വിലങ്ങനെ വെച്ചിരുന്ന ഒരു മരത്തടിയുടെ അടുത്തേക്ക് പോയി, അതിൽ ചാരി നിന്നു. നബി ﷺ ദേഷ്യത്തിലെന്ന പോലെയായിരുന്നു. അദ്ദേഹം തൻ്റെ വലതു കൈ ഇടതു കൈയ്യിന് മുകളിൽ വെക്കുകയും, വിരലുകൾ കോർത്തുപിടിക്കുകയും ചെയ്തു. (നമസ്കാരം കഴിഞ്ഞെന്ന് കരുതി) ധൃതികൂട്ടുന്ന ആളുകൾ പള്ളിയുടെ വാതിലുകളിലൂടെ പുറത്തുപോയി, അവർ പറഞ്ഞു: "നമസ്കാരം ചുരുക്കപ്പെട്ടിരിക്കുന്നു." ജനങ്ങളുടെ കൂട്ടത്തിൽ അബൂബക്കര്‍ ﵁ വും ഉമര്‍ ﵁ വും ഉണ്ടായിരുന്നു. പക്ഷെ അവർക്ക് രണ്ടുപേർക്കും നബി ﷺ യോട് സംസാരിക്കാൻ ഭയം തോന്നി (അവർ മടിച്ചുനിന്നു).
ആ കൂട്ടത്തിൽ കൈകൾക്ക് അല്പം നീളമുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തെ 'ദുൽ യദൈൻ' (നീണ്ട കൈകളുള്ളയാൾ) എന്ന് വിളിച്ചിരുന്നു. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, അങ്ങ് മറന്നുപോയതാണോ, അതോ നിസ്കാരം ചുരുക്കിയതാണോ?". നബി ﷺ പറഞ്ഞു: "ഞാൻ മറന്നിട്ടുമില്ല, നിസ്കാരം ചുരുക്കിയിട്ടുമില്ല." അപ്പോൾ നബി ﷺ മറ്റുള്ളവരോടായി ചോദിച്ചു: "ദുൽ യദൈൻ പറയുന്നത് പോലെയാണോ?" (സംഭവിച്ചത്?). അവർ അതെ എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ മുന്നോട്ട് നീങ്ങി, വിട്ടുപോയ ഭാഗം നിസ്കരിച്ചു. എന്നിട്ട് സലാം വീട്ടി. ശേഷം അദ്ദേഹം തക്ബീർ ചൊല്ലി, സാധാരണ സുജൂദ് ചെയ്യുന്നതുപോലെയോ അല്ലെങ്കിൽ അതിനേക്കാൾ ദീർഘമായോ സുജൂദ് ചെയ്തു. പിന്നീട് അദ്ദേഹം തക്ബീർ ചൊല്ലി തല ഉയർത്തി. ശേഷം വീണ്ടും തക്ബീർ ചൊല്ലി സാധാരണ സുജൂദ് ചെയ്യുന്നതുപോലെയോ അതിനേക്കാൾ ദീർഘമായോ സുജൂദ് ചെയ്തു. പിന്നീട് അദ്ദേഹം തക്ബീർ ചൊല്ലി തല ഉയർത്തി.
(ഇബ്നു സീരീനോട്) ആളുകൾ ചിലപ്പോള്‍ (ഇങ്ങനെ) ചോദിച്ചിരിക്കാം: "എന്നിട്ട് നബി ﷺ സലാം വീട്ടിയോ?" അദ്ദേഹം (ഇബ്നു സീരീൻ رحمه الله) പറഞ്ഞു: 'എന്നിട്ട് നബി ﷺ സലാം വീട്ടി' എന്ന് ഇംറാൻ ഇബ്നു ഹുസൈൻ ﵁ പറഞ്ഞതായി എന്നോട് അറിയിക്കപ്പെട്ടു.»
عَنْ مُحَمَّدِ بْنِ سِيرِينَ، عَنْ أَبِي هُرَيْرَةَ ﵁ قَالَ: «صَلَّى بِنَا رَسُولُ اللَّهِ ﷺ إِحْدَى صَلَاتَيِ العَشِيِّ - قَالَ ابْنُ سِيرِينَ: وَسَمَّاهَا أَبُو هُرَيْرَةَ، وَلَكِنْ نَسِيتُ أَنَا - قَالَ: فَصَلَّى بِنَا رَكْعَتَيْنِ ثُمَّ سَلَّمَ، فَقَامَ إِلَى خَشَبَةٍ مَعْرُوضَةٍ فِي المَسْجِدِ، فَاتَّكَأَ عَلَيْهَا - كَأَنَّهُ غَضْبَانُ - وَوَضَعَ يَدَهُ اليُمْنَى عَلَى اليُسْرَى وَشَبَّكَ بَيْنَ أَصَابِعِهِ، وَخَرَجَتِ السَّرَعَانُ مِنْ أَبْوَابِ المَسْجِدِ فَقَالُوا: قُصِرَتِ الصَّلَاةُ؟ وَفِي القَوْمِ أَبُو بَكْرٍ وَعُمَرُ - فَهَابَا أَنْ يُكَلِّمَاهُ. وَفِي الْقَوْمِ رَجُلٌ فِي يَدَيْهِ طُولٌ، يُقَالُ لَهُ: ذُو الْيَدَيْنِ فَقَالَ: يَا رَسُولَ اللَّهِ، أَنَسِيتَ، أَمْ قَصُرَتِ الصَّلاةُ؟ قَالَ: لَمْ أَنْسَ وَلَمْ تُقْصَرْ. فَقَالَ: أَكَمَا يَقُولُ ذُو الْيَدَيْنِ؟ فَقَالُوا: نَعَمْ. فَتَقَدَّمَ فَصَلَّى مَا تَرَكَ. ثُمَّ سَلَّمَ، ثُمَّ كَبَّرَ وَسَجَدَ مِثْلَ سُجُودِهِ أَوْ أَطْوَلَ. ثُمَّ رَفَعَ رَأْسَهُ فَكَبَّرَ، ثُمَّ كَبَّرَ وَسَجَدَ مِثْلَ سُجُودِهِ أَوْ أَطْوَلَ. ثُمَّ رَفَعَ رَأْسَهُ وَكَبَّرَ. فَرُبَّمَا سَأَلُوهُ: ثُمَّ سَلَّمَ؟ قَالَ: فَنُبِّئْتُ أَنَّ عِمْرَانَ بْنَ حُصَيْنٍ قَالَ: ثُمَّ سَلَّمَ»