അബ്ദുല്ലാഹിബ്നു അംറ് ബിൻ ആസ് ﵄ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: "ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം പകൽ മുഴുവൻ നോമ്പ് നോൽക്കുമെന്നും രാത്രി മുഴുവൻ നിന്ന് നമസ്കരിക്കുമെന്നും ഞാൻ പറഞ്ഞതായി അല്ലാഹുവിന്റെ റസൂൽ ﷺ യെ ആരോ അറിയിച്ചു. അപ്പോൾ റസൂൽ ﷺ (എന്നോട്) ചോദിച്ചു: 'നീയാണോ ഇപ്രകാരം പറഞ്ഞത്?' ഞാൻ പറഞ്ഞു: 'അങ്ങേക്കായി എന്റെ മാതാപിതാക്കൾ സമർപ്പിക്കപ്പെടട്ടെ, അതെ ഞാൻ അത് പറഞ്ഞിട്ടുണ്ട്.'
അപ്പോൾ റസൂൽ ﷺ പറഞ്ഞു: 'നിനക്ക് അതിന് സാധിക്കുകയില്ല. അതിനാൽ നീ നോമ്പ് നോൽക്കുകയും (ചിലപ്പോൾ) ഒഴിവാക്കുകയും ചെയ്യുക; രാത്രിയിൽ നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുക. മാസത്തിൽ മൂന്ന് ദിവസം നോമ്പ് നോൽക്കുക; തീർച്ചയായും ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമുണ്ട്. അത് വർഷം മുഴുവൻ നോമ്പ് നോൽക്കുന്നതിന് തുല്യമാണ്.'
ഞാൻ പറഞ്ഞു: 'എനിക്ക് അതിനേക്കാൾ ഉത്തമമായത് ചെയ്യാൻ കഴിവുണ്ട്.' അദ്ദേഹം പറഞ്ഞു: 'എങ്കിൽ ഒരു ദിവസം നോമ്പ് നോൽക്കുകയും രണ്ട് ദിവസം ഒഴിവാക്കുകയും ചെയ്യുക.' ഞാൻ വീണ്ടും പറഞ്ഞു: 'എനിക്ക് അതിനേക്കാൾ ഉത്തമമായത് ചെയ്യാൻ കഴിവുണ്ട്.' റസൂൽ ﷺ പറഞ്ഞു: 'എങ്കിൽ ഒരു ദിവസം നോമ്പ് നോൽക്കുകയും അടുത്ത ദിവസം ഒഴിവാക്കുകയും ചെയ്യുക. അത് ദാവൂദ് നബി عليه السلام മിന്റെ നോമ്പിനെ പോലെയാണ്. അതാണ് ഏറ്റവും ഉത്തമമായ നോമ്പ്.' ഞാൻ വീണ്ടും പറഞ്ഞു: 'എനിക്ക് അതിനേക്കാൾ ഉത്തമമായത് ചെയ്യാൻ കഴിവുണ്ട്.' അപ്പോൾ റസൂൽ ﷺ പറഞ്ഞു: 'അതിനേക്കാൾ ഉത്തമമായ മറ്റൊന്നില്ല.'"
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِي ﵄ قَالَ: «أُخْبِرَ رَسُولُ اللَّهِ ﷺ أَنِّي أَقُولُ: وَاللَّهِ لَأَصُومَنَّ النَّهَارَ، وَلَأَقُومَنَّ اللَّيْلَ مَا عِشْتُ، فَقُلْتُ لَهُ: قَدْ قُلْتُهُ - بِأَبِي أَنْتَ وَأُمِّي -، قَالَ : فَإِنَّكَ لَا تَسْتَطِيعُ ذَلِكَ، فَصُمْ وَأَفْطِرْ، وَقُمْ وَنَمْ ، وَصُمْ مِنَ الشَّهْرِ ثَلَاثَةَ أَيَّامٍ؛ فَإِنَّ الحَسَنَةَ بِعَشْرِ أَمْثَالِهَا، وَذَلِكَ مِثْلُ صِيَامِ الدَّهْرِ، قُلْتُ : فَإِنِّي أُطِيقُ أَفْضَلَ مِنْ ذَلِكَ، قَالَ: فَصُمْ يَوْمًا وَأَفْطِرْ يَوْمَيْنِ، قُلْتُ: إِنِّي أُطِيقُ أَفْضَلَ مِنْ ذَلِكَ، قَالَ: فَصُمْ يَوْمًا وَأَفْطِرْ يَوْمًا؛ فَذَلِكَ مِثْلُ صِيَامِ دَاوُد. وَهُوَ أَفْضَلُ الصِّيَامِ. فَقُلْتُ: إنِّي أُطِيقُ أَفْضَلَ مِنْ ذَلِكَ. قَالَ: لا أَفْضَلَ مِنْ ذَلِكَ» . وَفِي رِوَايَةٍ: «لا صَوْمَ فَوْقَ صَوْمِ أَخِي دَاوُد - شَطْرَ الدَّهْرِ - صُمْ يَوْماً وَأَفْطِرْ يَوْماً»