അബ്ദുല്ലാഹിബ്നു ഉമർ ﵄ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ വിടവാങ്ങൽ ഹജ്ജിൽ ഉംറയെ ഹജ്ജിനോട് ചേർത്ത് ക്വിറാന്‍ ആയി ഹജ്ജ് ചെയ്യുകയും ബലി അറുക്കുകയും ചെയ്തു. റസൂൽ ﷺ ദുൽഹുലൈഫയിൽ നിന്ന് ബലിമൃഗത്തെ കൂടെ കൊണ്ടുപോയി. അല്ലാഹുവിന്റെ റസൂൽ ﷺ ആദ്യം ഉംറക്ക് ഇഹ്റാം കെട്ടിക്കൊണ്ട് ആരംഭിച്ചു, പിന്നീട് ഹജ്ജിനും ഇഹ്റാം ചെയ്തു. ജനങ്ങളും റസൂൽ ﷺ യോടൊപ്പം ഉംറയും ഹജ്ജും ചേർത്ത് ഹജ്ജ് ചെയ്തു. അന്ന് ജനങ്ങളിൽ ചിലർ ബലി അറുത്തവരുണ്ടായിരുന്നു. അവർ ദുൽഹുലൈഫയിൽ നിന്ന് മൃഗത്തെ തെളിച്ചുകൊണ്ടുപോയി. എന്നാൽ അവരില്‍ ബലി അറുക്കാത്തവരും ഉണ്ടായിരുന്നു.
റസൂൽ ﷺ മക്കയിൽ എത്തുമ്പോള്‍ ജനങ്ങളോട് പറഞ്ഞു: 'നിങ്ങളിൽ ആരുടെയെങ്കിലും പക്കൽ ബലിമൃഗമുണ്ടെങ്കിൽ, ഹജ്ജ് പൂർത്തിയാകുന്നത് വരെ ഇഹ്റാമിൽ നിഷിദ്ധമായ യാതൊന്നിൽ നിന്നും അയാൾ ഒഴിവാകരുത്. എന്നാൽ ആരുടെ പക്കൽ ബലിമൃഗമില്ലയോ, അവർ കഅ്ബാലയത്തിങ്കൽ ത്വവാഫും സ്വഫാ-മർവ്വക്കിടയിൽ സഅ്യും നിർവ്വഹിക്കട്ടെ. ശേഷം മുടി വെട്ടി ഇഹ്റാമിൽ നിന്ന് ഒഴിവാകട്ടെ. പിന്നീട് (ദുൽഹിജ്ജ എട്ടിന്) ഹജ്ജിന് ഇഹ്റാം ചെയ്യുകയും ഒരു ബലിമൃഗത്തെ അറുക്കുകയും ചെയ്യട്ടെ. ആർക്കെങ്കിലും ബലിമൃഗത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ ഹജ്ജിനിടയിൽ മൂന്ന് ദിവസവും, വീട്ടിൽ തിരിച്ചെത്തിയ ശേഷം ഏഴ് ദിവസവും നോമ്പ് അനുഷ്ഠിക്കട്ടെ.'
റസൂൽ ﷺ മക്കയിൽ എത്തിയപ്പോൾ ത്വവാഫ് ചെയ്തു. ആദ്യം (കഅ്ബയിലെ) റുക്ൻ (ഹജറുൽ അസ്വദ്) തടവി. ശേഷം ഏഴ് ത്വവാഫുകളിൽ ആദ്യത്തെ മൂന്ന് ചുറ്റുകളില്‍ വേഗത്തിൽ നടക്കുകയും ബാക്കി നാല് ചുറ്റുകളില്‍ സാധാരണ നടത്തം നടക്കുകയും ചെയ്തു. കഅ്ബക്ക് ചുറ്റുമുള്ള ത്വവാഫ് പൂർത്തിയാക്കിയപ്പോൾ മഖാമു ഇബ്റാഹീമിന് സമീപം രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം അവിടെ നിന്ന് പോയി സ്വഫായിലെത്തി. സ്വഫാ-മർവ്വക്കിടയിൽ ഏഴ് തവണ സഅ്യ് ചെയ്തു. പിന്നെ ഹജ്ജ് പൂർത്തിയാകുന്നത് വരെ ഇഹ്റാമിൽ നിഷിദ്ധമായ യാതൊന്നിൽ നിന്നും അദ്ദേഹം തഹല്ലുല്‍ (വിരമിക്കല്‍) ആയില്ല. ബലി പെരുന്നാൾ ദിനത്തിൽ റസൂൽ ﷺ തന്റെ ബലിമൃഗത്തെ അറുത്തു. പിന്നീട് (മിനയിൽ നിന്ന് വന്ന്) കഅ്ബാലയത്തിൽ ത്വവാഫ് (ത്വവാഫുൽ ഇഫാദ) നിർവ്വഹിച്ചു. അതിനു ശേഷം റസൂൽ ﷺ ഇഹ്റാമിൽ നിഷിദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും തഹല്ലുല്‍ ആയി. ബലിമൃഗത്തെ കൂടെ കരുതിയവരും അത് തെളിച്ചുകൊണ്ടുവന്നവരും റസൂൽ ﷺ ചെയ്തത് പോലെ തന്നെ പ്രവർത്തിച്ചു."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «تَمَتَّعَ رَسُولُ اللَّهِ ﷺ فِي حَجَّةِ الوَدَاعِ بِالعُمْرَةِ إِلَى الحَجِّ وَأَهْدَى؛ فَسَاقَ مَعَهُ الهَدْيَ مِنْ ذِي الْحُلَيْفَةِ. وَبَدَأَ رَسُولُ اللَّهِ ﷺ وَأَهَلَّ بِالْعُمْرَةِ، ثُمَّ أَهَلَّ بِالْحَجِّ، فَتَمَتَّعَ النَّاسُ مَعَ رَسُولِ اللَّهِ ﷺ فَأَهَلَّ بِالْعُمْرَةِ إلَى الْحَجِّ، فَكَانَ مِنْ النَّاسِ مَنْ أَهْدَى، فَسَاقَ الْهَدْيَ مِنْ الْحُلَيْفَةِ. وَمِنْهُمْ مَنْ لَمْ يُهْدِ، فَلَمَّا قَدِمَ رَسُولُ اللَّهِ ﷺ قَالَ لِلنَّاسِ: مَنْ كَانَ مِنْكُمْ أَهْدَى، فَإِنَّهُ لا يَحِلُّ مِنْ شَيْءٍ حَرُمَ مِنْهُ حَتَّى يَقْضِيَ حَجَّهُ. وَمَنْ لَمْ يَكُنْ أَهْدَى فَلْيَطُفْ بِالْبَيْتِ وَبِالصَّفَا وَالْمَرْوَةِ، وَلْيُقَصِّرْ وَلْيَحْلِلْ، ثُمَّ لِيُهِلَّ بِالْحَجِّ وَلْيُهْدِ، فَمَنْ لَمْ يَجِدْ هَدْياً فَلْيَصُمْ ثَلاثَةَ أَيَّامٍ فِي الْحَجِّ وَسَبْعَةً إذَا رَجَعَ إلَى أَهْلِهِ. فَطَافَ رَسُولُ اللَّهِ ﷺ حِينَ قَدِمَ مَكَّةَ. وَاسْتَلَمَ الرُّكْنَ أَوَّلَ شَيْءٍ، ثُمَّ خَبَّ ثَلاثَةَ أَطْوَافٍ مِنْ السَّبْعِ، وَمَشَى أَرْبَعَةً، وَرَكَعَ حِينَ قَضَى طَوَافَهُ بِالْبَيْتِ عِنْدَ الْمَقَامِ رَكْعَتَيْنِ، ثُمَّ انْصَرَفَ فَأَتَى الصَّفَا، وَطَافَ بِالصَّفَا وَالْمَرْوَةِ سَبْعَةَ أَطْوَافٍ، ثُمَّ لَمْ يَحْلِلْ مِنْ شَيْءٍ حَرُمَ مِنْهُ حَتَّى قَضَى حَجَّهُ، وَنَحَرَ هَدْيَهُ يَوْمَ النَّحْرِ. وَأَفَاضَ فَطَافَ بِالْبَيْتِ، ثُمَّ حَلَّ مِنْ كُلِّ شَيْءٍ حَرُمَ مِنْهُ، وَفَعَلَ مِثْلَ مَا فَعَلَ رَسُولُ اللَّهِ ﷺ: مَنْ أَهْدَى وَسَاقَ الْهَدْيَ مِنْ النَّاسِ»