ജാബിർ ബിൻ അബ്ദില്ല ﵄ പറഞ്ഞു:
"നബി ﷺ യും സ്വഹാബിമാരും ഹജ്ജിനായി ഇഹ്റാം ധരിച്ചു, നബി ﷺ യുടെയും ത്വൽഹ ﵁ യുടെയും പക്കലല്ലാതെ മറ്റാരുടെ പക്കലും ബലിമൃഗം ഉണ്ടായിരുന്നില്ല. ആ സമയത്താണ് അലി ﵁ യമനിൽ നിന്നും വന്നത്. അദ്ദേഹം പറഞ്ഞു: 'നബി ﷺ ഏതിനാണോ ഇഹ്റാം ധരിച്ചത്, അതിനായി ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു.'
അപ്പോൾ ബലിമൃഗം കൂടെയില്ലാത്തവരോട് അത് (ഹജ്ജിനായുള്ള ഇഹ്റാം) ഉംറയാക്കി മാറ്റാൻ നബി ﷺ കൽപ്പിച്ചു. അവർ ത്വവാഫും സഅ്യും നിർവ്വഹിച്ച്, മുടി വെട്ടി ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ (തഹല്ലുൽ ആകാൻ) നബി ﷺ നിർദ്ദേശിച്ചു.
അപ്പോൾ സ്വഹാബികള്‍ ചോദിച്ചു: 'ഞങ്ങൾ മിനായിലേക്ക് പോകുന്നത് (ഭാര്യമാരുമായി ബന്ധപ്പെട്ട്) ഞങ്ങളില്‍ ഒരാളുടെ ലിംഗത്തില്‍ നിന്ന് ഇന്ദ്രിയം ഇറ്റുവീഴുന്ന അവസ്ഥയിലാണോ?' (അതായത്, ഹജ്ജിന് തൊട്ടുമുമ്പ് ഇഹ്റാമിൽ നിന്ന് ഒഴിഞ്ഞു സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലെ അത്ഭുതമായിരുന്നു അവർ പ്രകടിപ്പിച്ചത്).
ഈ വിവരം നബി ﷺ അറിഞ്ഞപ്പോൾ ഇപ്രകാരം പറഞ്ഞു: 'പിന്നീട് എനിക്ക് ബോധ്യപ്പെട്ട കാര്യം മുൻപേ അറിയുമായിരുന്നെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. എന്റെ കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാനും ഇഹ്റാമിൽ നിന്ന് ഒഴിവാകുമായിരുന്നു.'
ആയിഷ ﵂ ക്ക് ആർത്തവമുണ്ടായി. ത്വവാഫ് ഒഴികെയുള്ള ഹജ്ജിന്റെ എല്ലാ കർമ്മങ്ങളും അവർ നിർവ്വഹിച്ചു. പിന്നീട് അവർ ശുദ്ധിയാവുകയും കഅ്ബയെ ത്വവാഫ് ചെയ്യുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ! മറ്റുള്ളവർ ഹജ്ജും ഉംറയുമായി മടങ്ങുമ്പോൾ ഞാൻ ഹജ്ജുമായി മാത്രമാണോ മടങ്ങേണ്ടത്?'
അപ്പോൾ അവരോടൊപ്പം തൻഈമിലേക്ക് പോകാൻ അബ്ദുറഹ്മാൻ ബിൻ അബൂബക്കറിനോട് നബി ﷺ കൽപ്പിച്ചു. അങ്ങനെ അവർ ഹജ്ജിന് ശേഷം ഉംറ നിർവ്വഹിച്ചു."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «أَهَلَّ النَّبِيُّ ﷺ وَأَصْحَابُهُ بِالحَجِّ، وَلَيْسَ مَعَ أَحَدٍ مِنْهُمْ هَدْيٌ غَيْرَ النَّبِيِّ ﷺ وَطَلْحَةَ ﵁، وَقَدِمَ عَلِيٌّ ﵁ مِنَ اليَمَنِ فَقَالَ : أَهْلَلْتُ بِمَا أَهَلَّ بِهِ النَّبِيُّ ﷺ، فَأَمَرَ النَّبِيُّ ﷺ أَصْحَابَهُ أَنْ يَجْعَلُوهَا عُمْرَةً، فَيَطُوفُوا ثُمَّ يُقَصِّرُوا وَيَحِلُّوا ؛ إِلَّا مَنْ كَانَ مَعَهُ الهَدْيُ، فَقَالُوا : نَنْطَلِقُ إِلَى مِنىً وَذَكَرُ أَحَدِنَا يَقْطُرُ؟ فَبَلَغَ ذَلِكَ النَّبِيَّ ﷺ فَقَالَ: لَوْ اسْتَقْبَلْتُ مِنْ أَمْرِي مَا اسْتَدْبَرْتُ مَا أَهْدَيْتُ، وَلَوْلا أَنَّ مَعِي الْهَدْيَ لأَحْلَلْتُ. وَحَاضَتْ عَائِشَةُ. فَنَسَكَتِ الْمَنَاسِكَ كُلَّهَا، غَيْرَ أَنَّهَا لَمْ تَطُفْ بِالْبَيْتِ. فَلَمَّا طَهُرَتْ وَطَافَتْ بِالْبَيْتِ قَالَتْ: يَا رَسُولَ اللَّهِ، يَنْطَلِقُونَ بِحَجٍّ وَعُمْرَةٍ، وَأَنْطَلِقُ بِحَجٍّ فَأَمَرَ عَبْدَ الرَّحْمَنِ بْنَ أَبِي بَكْرٍ: أَنْ يَخْرُجَ مَعَهَا إلَى التَّنْعِيمِ فَاعْتَمَرَتْ بَعْدَ الْحَجِّ»