സഅ്ദ് ബിൻ അബി വഖാസ് ﵁ നിവേദനം ചെയ്യുന്നു:
വിടവാങ്ങൽ ഹജ്ജിന്റെ വർഷം എനിക്ക് കഠിനമായ രോഗം ബാധിച്ചപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ സന്ദർശിക്കാൻ വന്നു. അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അങ്ങു കാണുന്നതുപോലെ രോഗം എന്നെ അങ്ങേയറ്റം തളർത്തിയിരിക്കുന്നു. ഞാൻ വലിയ സമ്പത്തുള്ളവനാണ്, എന്നാൽ ഒരു മകളല്ലാതെ മറ്റാരും എനിക്ക് അനന്തരാവകാശിയായിട്ട് ഇല്ല. അതിനാൽ എന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ഞാൻ ധർമ്മം ചെയ്യട്ടെയോ?"
അവിടുന്ന് പറഞ്ഞു: വേണ്ട.
ഞാൻ ചോദിച്ചു: എങ്കിൽ പകുതിയായാലോ അല്ലാഹുവിന്റെ റസൂലേ?
അവിടുന്ന് പറഞ്ഞു: വേണ്ട.
ഞാൻ ചോദിച്ചു: എങ്കിൽ മൂന്നിലൊന്ന് ആയാലോ?
അവിടുന്ന് പറഞ്ഞു: മൂന്നിലൊന്ന് ആകാം, എന്നാൽ മൂന്നിലൊന്ന് തന്നെ കൂടുതലാണ്. നിന്റെ അനന്തരാവകാശികളെ ജനങ്ങളോട് കൈനീട്ടുന്ന ദരിദ്രരായി വിട്ടുപോകുന്നതിനേക്കാൾ നല്ലത്, അവരെ ഐശ്വര്യമുള്ളവരായി വിട്ടുപോകുന്നതാണ്. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് നീ എന്ത് ചെലവഴിച്ചാലും അതിന് നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല, നിന്റെ ഭാര്യയുടെ വായിൽ നീ വെച്ചുകൊടുക്കുന്ന (ഒരു ഉരുള) ഭക്ഷണത്തിന് പോലും.
സഅ്ദ് ﵁ പറയുന്നു: അപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്റെ കൂട്ടുകാരെല്ലാം പോയിട്ടും ഞാൻ ഇവിടെ (മക്കയിൽ) അവശേഷിക്കപ്പെടുമോ?
അവിടുന്ന് പറഞ്ഞു: നീ ഇവിടെ അവശേഷിക്കപ്പെടുകയും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുകയും ചെയ്താൽ അത് നിന്റെ പദവിയും ഔന്നത്യവും വർദ്ധിപ്പിക്കുകയേയുള്ളൂ. ഒരുപക്ഷേ നീ ഇനിയും ഏറെക്കാലം ജീവിച്ചേക്കാം; അങ്ങനെ നിന്നിലൂടെ ഒരു വിഭാഗം ആളുകൾക്ക് ഉപകാരം ലഭിക്കാനും മറ്റൊരു വിഭാഗത്തിന് (ശത്രുക്കൾക്ക്) ഉപദ്രവം സംഭവിക്കാനും ഇടയുണ്ട്. അല്ലാഹുവേ, എന്റെ അനുചരന്മാരുടെ ഹിജ്റ നീ പൂർത്തിയാക്കിക്കൊടുക്കേണമേ, അവരെ പിന്തിരിപ്പിക്കരുതേ.
എന്നാൽ പാവം സഅ്ദ് ബിൻ ഖൗല! അദ്ദേഹം മക്കയിൽ വെച്ച് മരണപ്പെട്ടതിൽ അല്ലാഹുവിന്റെ റസൂൽ ﷺ ഖേദം പ്രകടിപ്പിച്ചു.
عَنْ سَعْدِ بْنِ أَبِي وَقَّاصٍ ﵁ قَالَ: «جَاءَنِي رَسُولُ اللَّهِ ﷺ يَعُودُنِي عَامَ حَجَّةِ الوَدَاعِ مِنْ وَجَعٍ اشْتَدَّ بِي، فَقُلْتُ: يَا رَسُولَ اللَّهِ! قَدْ بَلَغَ بِي مِنَ الوَجَعِ مَا تَرَى، وَأَنَا ذُو مَالٍ وَلَا يَرِثُنِي إِلَّا ابْنَةٌ ؛ أَفَأَتَصَدَّقُ بِثُلُثَيْ مَالِي؟ قَالَ: لَا، قُلْتُ: فَالشَّطْرُ يَا رَسُولَ اللَّهِ؟ قَالَ: لا، قُلْت: فَالثُّلُثُ قَالَ: الثُّلُثُ، وَالثُّلُثُ كَثِيرٌ، إِنَّكَ أَنْ تَذَرَ ورَثَتَكَ أَغنياءَ خيرٌ منْ أَنْ تَذَرَهمْ عالَةً يَتَكَفَّفونَ النَّاسَ، وإنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إلاَّ أُجِرْتَ بِهَا، حَتَّى مَا تَجْعَلُ فِي فِي امْرَأَتِكَ. قَالَ: قُلْتُ: يَا رَسُولَ اللَّهِ أُخَلَّفُ بَعْدَ أَصْحَابِي؟ قَالَ: إنَّكَ لَنْ تُخَلَّفَ فَتَعْمَلَ عَمَلاً تَبْتَغِي بِهِ وَجْهَ اللَّهِ إلاَّ ازْدَدْت بِهِ دَرَجَةً وَرِفْعَةً، وَلَعَلَّكَ أَنْ تُخَلَّفَ حَتَّى يَنْتَفِعَ بِكَ أَقْوَامٌ، وَيُضَرُّ بِكَ آخَرُونَ. اللَّهُمَّ أَمْضِ لأَصْحَابِي هِجْرَتَهُمْ، وَلا تَرُدَّهُمْ عَلَى أَعْقَابِهِمْ، لَكِنِ الْبَائِسُ سَعْدُ بْنُ خَوْلَةَ يَرْثِي لَهُ رَسُولُ اللَّهِ ﷺ أَنْ مَاتَ بِمَكَّةَ»