അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം:
"ഇന്നയാളുടെ മകനായ ഇന്നയാൾ (റസൂല് ﷺ യോട്) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിൽ ആരെങ്കിലും തന്റെ ഭാര്യയെ വ്യഭിചാരക്കുറ്റത്തിൽ (മറ്റൊരു പുരുഷനോടൊപ്പം) കണ്ടാൽ അവൻ എന്താണ് ചെയ്യേണ്ടത്? അവൻ അത് സംസാരിച്ചാൽ വളരെ ഗൗരവമേറിയ ഒരു കാര്യമാണ് സംസാരിക്കുന്നത് (അപവാദം പറഞ്ഞതിന് ശിക്ഷ ലഭിക്കാം). അവൻ മിണ്ടാതിരുന്നാലോ, അത്രതന്നെ വലിയൊരു കാര്യത്തിലാണ് അവൻ മിണ്ടാതിരിക്കുന്നത് (അഭിമാനക്ഷതവും സങ്കടവും സഹിച്ചുകൊണ്ട്)'. ഇബ്നു ഉമര് ﵄ പറയുന്നു: അപ്പോൾ നബി ﷺ മൗനം പാലിച്ചു, അദ്ദേഹത്തിന് മറുപടിയൊന്നും നൽകിയില്ല. അതിനുശേഷം അദ്ദേഹം നബി ﷺ യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: 'ഞാൻ അങ്ങയോട് ചോദിച്ച ആ കാര്യം ഇപ്പോൾ എനിക്ക് തന്നെ ബാധിച്ചിരിക്കുന്നു'. അപ്പോൾ അല്ലാഹു സൂറത്തുന്നൂറിലെ ഈ ആയത്തുകൾ അവതരിപ്പിച്ചു: (തങ്ങളുടെ ഭാര്യമാരുടെ മേൽ വ്യഭിചാരം ആരോപിക്കുന്നവർ...). നബി ﷺ ആ ആയത്തുകൾ അദ്ദേഹത്തിന് ഓതിക്കേൾപ്പിക്കുകയും, അദ്ദേഹത്തെ ഉപദേശിക്കുകയും, അല്ലാഹുവിനെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. ഇഹലോകത്തെ ശിക്ഷ പരലോകത്തെ ശിക്ഷയേക്കാൾ എത്രയോ നിസ്സാരമാണെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ല, അങ്ങയെ സത്യവുമായി നിയോഗിച്ചവൻ സാക്ഷി! ഞാൻ അവൾക്കെതിരെ കള്ളം പറഞ്ഞിട്ടില്ല'.
പിന്നീട് നബി ﷺ ആ സ്ത്രീയെ വിളിച്ചു, അവളെയും ഉപദേശിക്കുകയും, ഇഹലോകത്തെ ശിക്ഷ പരലോകത്തെ ശിക്ഷയേക്കാൾ എത്രയോ നിസ്സാരമാണെന്ന് അറിയിക്കുകയും ചെയ്തു. അപ്പോൾ അവൾ പറഞ്ഞു: 'അല്ല, അങ്ങയെ സത്യവുമായി നിയോഗിച്ചവൻ സാക്ഷി! തീർച്ചയായും അവൻ കള്ളം പറയുന്നവനാണ്'.
അങ്ങനെ നബി ﷺ പുരുഷനെക്കൊണ്ട് ആദ്യം തുടങ്ങി. താൻ സത്യം പറയുന്നവരിൽ പെട്ടവനാണ് എന്ന് അല്ലാഹുവിന്റെ നാമത്തിൽ നാല് തവണ അദ്ദേഹം സാക്ഷ്യം നൽകി. അഞ്ചാമതായി: താൻ കള്ളം പറയുന്നവനാണെങ്കിൽ അല്ലാഹുവിന്റെ ശാപം തന്റെ മേൽ ഉണ്ടാകട്ടെ എന്നും (പറഞ്ഞു). പിന്നീട് നബി ﷺ സ്ത്രീയെ രണ്ടാമതായി നിർത്തി. തീർച്ചയായും അവൻ കള്ളം പറയുന്നവരിൽ പെട്ടവനാണ് എന്ന് അല്ലാഹുവിന്റെ നാമത്തിൽ നാല് തവണ അവൾ സാക്ഷ്യം നൽകി. അഞ്ചാമതായി: അവൻ സത്യം പറയുന്നവനാണെങ്കിൽ അല്ലാഹുവിന്റെ കോപം തന്റെ മേൽ ഉണ്ടാകട്ടെ എന്നും (പറഞ്ഞു). പിന്നീട് നബി ﷺ അവർക്കിടയിൽ വേർപിരിക്കൽ (വിവാഹബന്ധം വേർപെടുത്തൽ) നടത്തി. അതിനുശേഷം നബി ﷺ മൂന്ന് തവണ ഇപ്രകാരം പറഞ്ഞു: 'തീർച്ചയായും അല്ലാഹു അറിയുന്നുണ്ട്, നിങ്ങളിൽ ഒരാൾ കള്ളം പറയുന്നവനാണ് എന്ന്. അങ്ങനെയെങ്കിൽ നിങ്ങളിൽ ആരെങ്കിലും പശ്ചാത്തപിക്കാൻ (തൗബ ചെയ്യാൻ) തയ്യാറുണ്ടോ?' "
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
"(നബി ﷺ പറഞ്ഞു:) 'ഇനി അവളിൽ നിനക്ക് യാതൊരു അവകാശവുമില്ല (അവൾ നിനക്ക് നിഷിദ്ധമാണ്)'. അപ്പോൾ അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്റെ ധനം (ഞാൻ നൽകിയ മഹ്ര്) എനിക്ക് തിരിച്ചുകിട്ടുമോ?' നബി ﷺ അരുളി: 'നിനക്ക് യാതൊരു ധനവുമില്ല. നീ അവൾക്കെതിരെ പറഞ്ഞത് സത്യമാണെങ്കിൽ, അവളുടെ ലൈംഗികത നീ അനുവദനീയമാക്കിയതിന്റെ പകരമായി അത് (മഹ്ര്) തീർന്നു കഴിഞ്ഞു. ഇനി നീ അവൾക്കെതിരെ കള്ളം പറഞ്ഞതാണെങ്കിലോ, അത് നിനക്ക് അവളെക്കാൾ ഏറെ വിദൂരമായ കാര്യമാണ് (ഒരു കാരണവശാലും ധനം തിരിച്ചുകിട്ടുകയില്ല)'."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ فُلَانَ بْنَ فُلَانٍ قَالَ: يَا رَسُولَ اللَّهِ! أَرَأَيْتَ لَوْ وَجَدَ أَحَدُنَا امْرَأَتَهُ عَلَى فَاحِشَةٍ كَيْفَ يَصْنَعُ ؟ إِنْ تَكَلَّمَ تَكَلَّمَ بِأَمْرٍ عَظِيمٍ، وَإِنْ سَكَتَ سَكَتَ عَلَى مِثْلِ ذَلِكَ ، قَالَ : فَسَكَتَ النَّبِيُّ ﷺ، فَلَمْ يُجِبْهُ، فَلَمَّا كَانَ بَعْدَ ذَلِكَ أَتَاهُ فَقَالَ: إِنَّ الَّذِي سَأَلْتُكَ عَنْهُ قَدِ ابْتُلِيتُ بِهِ، فَأَنْزَلَ اللَّهُ ﷿ هَؤُلَاءِ الآيَاتِ فِي سُورَةِ النُّورِ: ﴿وَالَّذِينَ يَرْمُونَ أَزْوَاجَهُمْ …﴾ ، فَتَلَاهُنَّ عَلَيْهِ، وَوَعَظَهُ وَذَكَّرَهُ، وَأَخْبَرَهُ أَنَّ عَذَابَ الدُّنْيَا أَهْوَنُ مِنْ عَذَابِ الآخِرَةِ، فَقَالَ : لَا ، وَالَّذِي بَعَثَكَ بِالحَقِّ! مَا كَذَبْتُ عَلَيْهَا، ثُمَّ دَعَاهَا، فَوَعَظَهَا ، وَأَخْبَرَهَا: أَنَّ عَذَابَ الدُّنْيَا أَهْوَنُ مِنْ عَذَابِ الآخِرَةِ. فَقَالَتْ: لا، وَاَلَّذِي بَعَثَكَ بِالْحَقِّ، إنَّهُ لَكَاذِبٌ. فَبَدَأَ بِالرَّجُلِ فَشَهِدَ أَرْبَعَ شَهَادَاتٍ بِاَللَّهِ: إنَّهُ لَمِن الصَّادِقِينَ. وَالْخَامِسَةَ: أَنَّ لَعْنَةَ اللَّهِ عَلَيْهِ إنْ كَانَ مِنْ الْكَاذِبِينَ. ثُمَّ ثَنَّى بِالْمَرْأَةِ. فَشَهِدَتْ أَرْبَعَ شَهَادَاتٍ بِاَللَّهِ: إنَّهُ لَمِنْ الْكَاذِبِينَ، وَالْخَامِسَةَ: أَنَّ غَضَبَ اللَّهِ عَلَيْهَا إنْ كَانَ مِنْ الصَّادِقِينَ. ثُمَّ فَرَّقَ بَيْنَهُمَا. ثُمَّ قَالَ: إنَّ اللَّهَ يَعْلَمُ أَنَّ أَحَدَكُمَا كَاذِبٌ فَهَلْ مِنْكُمَا تَائِبٌ؟) ثَلاثاً.
وَفِي لَفْظٍ (لا سَبِيلَ لَكَ عَلَيْهَا قَالَ: يَا رَسُولَ اللَّهِ، مَالِي؟ قَالَ: لا مَالَ لَكَ. إنْ كُنْتَ صَدَقْتَ عَلَيْهَا فَهُوَ بِمَا اسْتَحْلَلْتَ مِنْ فَرْجِهَا وَإِنْ كُنْتَ كَذَبْتَ فَهُوَ أَبْعَدُ لَكَ مِنْهَا»