ആഇശ ﵂ നിവേദനം ചെയ്യുന്നു:
മോഷണം നടത്തിയ മഖ്സൂം ഗോത്രക്കാരിയായ സ്ത്രീയുടെ കാര്യം ഖുറൈശികളെ അങ്ങേയറ്റം വ്യാകുലപ്പെടുത്തി. അപ്പോൾ അവർ പറഞ്ഞു: "ഇക്കാര്യത്തിൽ അല്ലാഹുവിന്റെ റസൂല് ﷺ യോട് ആര് സംസാരിക്കും?" തുടർന്ന് അവർ പറഞ്ഞു: "അല്ലാഹുവിന്റെ റസൂല് ﷺ യുടെ പ്രിയപ്പെട്ടവനായ ഉസാമതു ബ്നു സെയ്ദ് അല്ലാതെ മറ്റാരാണ് അതിന് ധൈര്യപ്പെടുക?" അങ്ങനെ ഉസാമ നബി ﷺ യോട് സംസാരിച്ചു. അപ്പോൾ നബി ﷺ ചോദിച്ചു: "അല്ലാഹു നിശ്ചയിച്ച ശിക്ഷാവിധികളിൽ ഒന്നിന്റെ കാര്യത്തിലാണോ നീ ശുപാർശ ചെയ്യുന്നത്?"
പിന്നീട് നബി ﷺ എഴുന്നേറ്റു നിന്ന് പ്രസംഗിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്, അവരിൽ മാന്യനായ (ഉയർന്ന കുലജാതനായ) ഒരാൾ മോഷണം നടത്തിയാൽ അവർ അവനെ ശിക്ഷിക്കാതെ വിട്ടയക്കുകയും, എന്നാൽ അവരിലെ ദുർബലനായ (സാധാരണക്കാരനായ) ഒരാളാണ് മോഷണം നടത്തിയതെങ്കിൽ അവർ അവന് ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു എന്നതിനാലാണ്. അല്ലാഹുവാണെ സത്യം, മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷണം നടത്തിയതെങ്കിലും ഞാൻ അവളുടെ കൈ മുറിക്കുക തന്നെ ചെയ്യുമായിരുന്നു."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "(വീട്ടുസാധനങ്ങൾ) കടം വാങ്ങുകയും പിന്നീട് അത് നിഷേധിക്കുകയും (തിരിച്ചുനൽകാതിരിക്കുകയും) ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു അത്. അതിനാൽ നബി ﷺ അവളുടെ കൈ മുറിക്കാൻ കൽപ്പിച്ചു."
وَعَنْ عَائِشَةَ ﵂: «أَنَّ قُرَيْشًا أَهَمَّهُمْ شَأْنُ المَخْزُومِيَّةِ الَّتِي سَرَقَتْ، فَقَالُوا: مَنْ يُكَلِّمُ فِيهَا رَسُولَ اللَّهِ ﷺ؟ فَقَالُوا: وَمَنْ يَجْتَرِئُ عَلَيْهِ إِلَّا أُسَامَةُ بْنُ زَيْدٍ - حِبُّ رَسُولِ اللَّهِ ﷺ -؟ فَكَلَّمَهُ أُسَامَةُ، فَقَالَ : أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ ؟ ثُمَّ قَامَ فَاخْتَطَبَ، فَقَالَ: إِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ: أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الحَدَّ، وَايْمُ اللَّهِ! لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا».
وَفِي لَفْظٍ: «قَالَتْ: كَانَتِ امْرَأَةٌ تَسْتَعِيرُ المَتَاعَ وَتَجْحَدُهُ؛ فَأَمَرَ النَّبِيُّ ﷺ بِقَطْعِ يَدِهَا».