റാഫിഅ് ഇബ്നു ഖദീജ് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
ഞങ്ങൾ തിഹാമയിലെ ദില്ഹുലൈഫയിൽ അല്ലാഹുവിന്റെ റസൂല് ﷺ യോടൊപ്പം ഉണ്ടായിരുന്നു. ആളുകൾക്ക് കടുത്ത വിശപ്പ് അനുഭവപ്പെടുകയും, അവർ ചില ഒട്ടകങ്ങളെയും ആടുകളെയും (യുദ്ധമുതലായി) നേടുകയും ചെയ്തു. നബി ﷺ സംഘത്തിന്റെ പിൻഭാഗത്തായിരുന്നു. അതുകൊണ്ട് ആളുകൾ തിടുക്കം കൂട്ടി, അവയെ അറുക്കുകയും പാത്രങ്ങൾ അടുപ്പത്തുവെക്കുകയും ചെയ്തു. എന്നാൽ നബി ﷺ ഉത്തരവിട്ടതനുസരിച്ച് പാത്രങ്ങൾ മറിച്ചിടപ്പെട്ടു. പിന്നീട് അവിടുന്ന് അത് വീതിക്കുകയും, ഒരു ഒട്ടകത്തിന് പത്ത് ആടുകൾ എന്ന തോതിൽ സമമാക്കുകയും ചെയ്തു. അതിനിടയിൽ ഒരു ഒട്ടകം ഓടിപ്പോയി. ആളുകൾ അതിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും അത് അവരെ തളർത്തിക്കളഞ്ഞു. ആ സംഘത്തിൽ കുറച്ച് കുതിരകളേ ഉണ്ടായിരുന്നുള്ളൂ. അതിലൊരാൾ ആ ഒട്ടകത്തിന് നേരെ ഒരു അമ്പെയ്തു, അല്ലാഹു അതിനെ തടഞ്ഞുനിർത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ മൃഗങ്ങൾക്ക് കാട്ടുമൃഗങ്ങളെപ്പോലെ വന്യസ്വഭാവമുണ്ട്. അതിനാൽ അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് കീഴടങ്ങാതെ ഓടിപ്പോയാൽ നിങ്ങളതിനോട് ഇതുപോലെ ചെയ്യുക." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, നാളെ ഞങ്ങൾ ശത്രുവിനെ നേരിടാൻ പോവുകയാണ്, ഞങ്ങളുടെ പക്കൽ കത്തികളൊന്നുമില്ല. ഞങ്ങൾക്ക് മുളങ്കഷ്ണങ്ങൾ കൊണ്ട് അറുക്കാമോ?" അവിടുന്ന് പറഞ്ഞു: "രക്തം ഒഴുക്കുകയും, അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടുകയും ചെയ്തത് ഏതോ അത് നിങ്ങൾ തിന്നുകൊള്ളുക; പല്ലും നഖവും ഒഴികെ. അതിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം: പല്ല് എന്നത് എല്ലാണ്, നഖമാകട്ടെ അബിസീനിയക്കാരുടെ (ഹബ്ശികളുടെ) കത്തിയാണ്."
عَنْ رَافِعِ بْنِ خَدِيجٍ ﵁ قَالَ: «كُنَّا مَعَ النَّبِيِّ ﷺ بِذِي الحُلَيْفَةِ مِنْ تِهَامَةَ ، فَأَصَابَ النَّاسَ جُوعٌ ، فَأَصَابُوا إِبِلًا وَغَنَمًا، وَكَانَ النَّبِيُّ ﷺ فِي أُخْرَيَاتِ القَوْمِ، فَعَجَّلُوا وَذَبَحُوا وَنَصَبُوا القُدُورَ، فَأَمَرَ النَّبِيُّ ﷺ بِالقُدُورِ فَأُكْفِئَتْ، ثُمَّ قَسَمَ فَعَدَلَ عَشَرَةً مِنَ الغَنَمِ بِبَعِيرٍ، فَنَدَّ مِنْهَا بَعِيرٌ، فَطَلَبُوهُ فَأَعْيَاهُمْ، وَكَانَ فِي القَوْمِ خَيْلٌ يَسِيرَةٌ، فَأَهْوَى رَجُلٌ مِنْهُمْ بِسَهْمٍ، فَحَبَسَهُ اللَّهُ، فَقَالَ: إِنَّ لِهَذِهِ البَهَائِمِ أَوَابِدَ كَأَوَابِدِ الوَحْشِ، فَمَا غَلَبَكُمْ مِنْهَا فَاصْنَعُوا بِهِ هَكَذَا، قَالَ: قُلْتُ: يَا رَسُولَ اللَّهِ! إِنَّا لَاقُوا العَدُوِّ غَدًا، وَلَيْسَتْ مَعَنَا مُدىً، أَفَنَذْبَحُ بِالقَصَبِ؟ قَالَ: مَا أَنْهَرَ الدَّمَ، وَذُكِرَ اسْمُ اللَّهِ عَلَيْهِ فَكُلُوهُ؛ لَيْسَ السِّنَّ وَالظُّفُرَ، وَسَأُحَدِّثُكُمْ عَنْ ذَلِكَ؛ أَمَّا السِّنُّ: فَعَظْمٌ، وَأَمَّا الظُّفُرُ: فَمُدَى الحَبَشَةِ».